പ്രസംഗം മാറിപ്പോയി?സ്‌കൂള്‍ കലോത്സവത്തില്‍ മന്ത്രി എം.എം മണിയുടെ കായികമേള പ്രസംഗം

തൊടുപുഴ : ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണി കായികരംഗത്തെ കുറിച്ച് വാചാനനായി.പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരന്‍ തുടങ്ങിയ അപൂര്‍വം ചിലരുണ്ടായതൊഴിച്ചാല്‍ കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും കായികരംഗത്ത് സ്വര്‍ണം വാരിക്കൂട്ടുമ്പോള്‍ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാല്‍ കിട്ടിയെന്നു പറയാം. അമേരിക്ക, ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ്. മണിയുടെ പ്രസംഗം സദസ്സിലും വേദിയിലും ഉള്ളവര്‍ ആശയക്കുഴപ്പത്തിലായി. സദസ്യരുടെ അന്താളിപ്പ് മനസിലാക്കിയെന്നവണ്ണം മണി പ്രസംഗത്തിന്റെ റൂട്ട് തിരിച്ചുവിടുകയും അവസാനം കലാമേളയില്‍ കൊണ്ടെത്തിക്കുകയും ചെയ്തു. കലാമാമാങ്കത്തിലൂടെയാണ് എല്ലാവരും അറിയുന്ന വലിയ താരങ്ങളായിരിക്കുന്നതെന്നും അതിനാല്‍ കലാമാമാങ്കത്തിലൂടെ വലിയ പ്രതിഭകള്‍ ഉയര്‍ന്നു വരട്ടയെന്നും ആശംസിച്ചാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

© 2025 Live Kerala News. All Rights Reserved.