നാദാപുരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയതിനു പിന്നാലെ റോഡില്‍ ബോംബെറ്:ബോംബെറിഞ്ഞത് മോട്ടോര്‍ബൈക്കിലെത്തിയ സംഘം

കോഴിക്കോട്: നാദാപുരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവ്യൂഹം കടന്നു പോയ ഉടന്‍ റോഡില്‍ ബോംബെറിഞ്ഞു. നാദാപുരത്തിനടുത്ത് അരൂരിലാണ് സംഭവം.രാത്രി 10 മണിയോടെയായിരുന്നു ബോംബേറുണ്ടായത്. ബോംബ് അതീവശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മോട്ടോര്‍ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.കഴിഞ്ഞ ദിവസം അരൂരില്‍ നിര്യാതനായ കോണ്‍ഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് സി.എച്ച് ബാബുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ഗതാഗതക്കുരുക്ക് കാരണം പയ്യോളി വഴി വരാന്‍ കഴിയാതിരുന്ന മന്ത്രി പേരാമ്പ്ര റോഡ് വഴി ചെരണ്ടത്തൂര്‍ ആയഞ്ചേരി വഴിയാണ് എത്തിയത്.സി.എച്ച് ബാബുവിന്റെ വീട്ടില്‍ മന്ത്രിയെത്തിയതിന് പിന്നാലെയാണ് റോഡില്‍ ബോംബേറ് നടന്നത്. സ്റ്റീല്‍ ബോംബാണ് റോഡില്‍ എറിഞ്ഞത്. സംഭവസ്ഥലത്തു നിന്നും സ്റ്റീല്‍ പാത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ബോംബെറിഞ്ഞ ശേഷം അരൂര്‍ ഭാഗത്തു നിന്നു വന്ന ബൈക്ക് സംഭവത്തിനു ശേഷം തീക്കുനി ഭാഗത്തേക്ക് ഓടിച്ച് പോയതായാണ് അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2025 Live Kerala News. All Rights Reserved.