എംടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണ്; ഭരണം കിട്ടിയെന്ന് വെച്ച് എന്തുംചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം; രാജഭരണം പോലെയാണിത്;ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ

കോഴിക്കോട്: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബിജെപിയുടെ നടപടിക്കെതിരെ സിനിമ ലോകത്തു നിന്നും സാഹിത്യലോകത്തു നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു .എംടി വാസുദേവന്‍ നായര്‍ പറഞ്ഞത് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ്. അല്ലാതെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും മാത്രം കാര്യമല്ലെന്ന് നടന്‍ മാമുക്കോയ.എംടിയെ പോലുളള ആളുകള്‍ തന്നെയാണ് ഈ വിഷയം പറയേണ്ടത്. എംടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണ്. ഭൂരിപക്ഷത്തിന്റെ പേരില്‍ ഭരണം കിട്ടിയെന്ന് വെച്ച് എന്തുംചെയ്യാമെന്നാണ് ബിജെപിയുടെ വിചാരം. രാജഭരണം പോലെയാണിത്. ഇപ്പോള്‍ മോഡിരാജാവാണ് ഭരിക്കുന്നത്. എംടിക്ക് തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും മാമുക്കോയ പറഞ്ഞു.നടന്‍ മാമുക്കോയ, എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഉണ്ണി.ആര്‍, സന്തോഷ് ഏച്ചിക്കാനം എന്നിങ്ങനെ നിരവധിപേരാണ് എംടിക്ക് പിന്തുണയുമായി രംഗത്തെത്തി. എംടിയുടെ വാക്കുകള്‍ക്ക് നേരിന്റെ ചുവയാണുളളതെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഉണ്ണി ആര്‍.

© 2025 Live Kerala News. All Rights Reserved.