പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനധികൃതമായി ഇടപെടല്‍;35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി; 72 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെട്ടെന്ന് ആരോപിച്ച്  35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ  യുഎസ് പുറത്താക്കി. ഇവരോട് കുടുംബത്തോടൊപ്പം 72 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരിച്ചടിക്കല്‍ നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുവാനും തീരുമാനമെടുത്തു. സൈബര്‍ ആക്രമണത്തില്‍ റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു.വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റിലേയും 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇതിന് മറുപടിയായി റഷ്യ യുഎസ് നയതന്ത്രജ്ഞരെ പുറത്താക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.അമേരിക്കയുടെ നിയമവിരുദ്ധമായ നടപടിക്ക് ഉചിതമായ മറുപടി നല്‍കുമെന്നും റഷ്യന്‍ വ്യക്താവ് അറിയിച്ചിട്ടുണ്ട്.ജനുവരി 20ന് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കും മുമ്പെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വെബ്‌സൈറ്റുകളിലെ റഷ്യന്‍ നുഴഞ്ഞുകയറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒബാമ ഇന്റലിജന്‍സ് ഏജന്‍സികളോട് ആവശ്യപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.