തിരുവനന്തപുരം: ഇതുവരെ നീട്ടിനല്‍കാത്തതും ഡിസംബര്‍ 31നു കാലാവധി അവസാനിക്കുന്നതുമായ പി.എസ്.സി.റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് ശുപാര്‍ശ. ഈ മാസം 31ന് കാലാവധി തീരുന്ന 188 റാങ്ക് പട്ടികകളുടെയും ഇതുവരെ നീട്ടാത്തതുമായ എഴുപതോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയുമാണു നീട്ടിനല്‍കുക. മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനും ശുപാര്‍ശയുണ്ട്. മൂന്ന് മാസത്തേക്കാണ് ഈ ലിസ്റ്റുകളുടെ കാലാവധി നീട്ടുക. വെള്ളിയാഴ്ച്ച അടിയന്തര യോഗം ചേര്‍ന്ന് പിഎസ്‌സി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും.കഴിഞ്ഞ ദിവസം പിഎസ്‌സി യോഗം ചേര്‍ന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് ശുപാര്‍ശയുണ്ടാകാത്തതിനാല്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് പരിഗണനയ്ക്ക് വന്നിരുന്നില്ല. നിലവിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം കാലാവധി നീട്ടിക്കൊടുത്തവയും 31 റദ്ദാവുന്നതിലുണ്ട്. കെഎസ്ഇബി മസ്ദൂര്‍, സ്റ്റാഫ് നഴ്‌സ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും കലാവധി തീരുന്നവയില്‍ ഉള്‍പ്പെടുന്നു.സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച പിഎസ്‌സി അടിയന്തര യോഗം ചേരും. നിയമന നിരോധനത്തിനെതിരെ വിവിധ റാങ്ക്‌ഹോള്‍ഡേഴ്‌സ് സംഘടനകള്‍ അനിശ്ചിതകാലമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവരികയാണ്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തിലേറെ തവണ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയിരുന്നു. എന്നാല്‍ കാര്യമായ തോതില്‍ നിയമം നടന്നിരുന്നില്ല.