പുത്തന്‍വേലിക്കരയില്‍ ഒന്‍പതാം ക്ലാസുകാരിയെ പള്ളിമേടയില്‍ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം;ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന് ഒരു വര്‍ഷം തടവ്;വിവരം മറച്ചുവച്ച ഡോക്ടറെയും ശിക്ഷിച്ചു

കൊച്ചി: പുത്തന്‍വേലിക്കരയില്‍ ഒന്‍പതാം ക്ലാസുകാരിയെ പള്ളിമേടയില്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുത്തന്‍വേലിക്കര ലൂര്‍ദ് മാതാപള്ളി മുന്‍ വികാരി മതിലകം അരീപ്പാലം സ്വദേശി ഫാദര്‍ എഡ്ഗിന്‍  ഫിഗറസാണ് ഒന്നാം പ്രതി. ഇദ്ദേഹത്തെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിന് ഒരു വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെണ്‍കുട്ടി പരിശോധിക്കാന്‍ വന്നിട്ടും സംഭവം പൊലീസിനു റിപ്പോര്‍ട്ടു ചെയ്യാതെ മറച്ചുവച്ച പിഎച്ച് സെന്റര്‍ വനിതാ ഡോക്ടര്‍ കുറ്റക്കാരിയാണെന്നും കണ്ടെത്തി. ഇവര്‍ക്ക് നല്ലനടപ്പും കോടതി വിധിച്ചു. ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പലതവണ പള്ളിമേടയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി -മാര്‍ച്ച് കാലത്ത് വൈദികന്‍ പള്ളിമേടയിലേക്കു വിളിച്ചു വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായുള്ള അമ്മയുടെ പരാതിയിലാണു പുത്തന്‍വേലിക്കര പൊലീസ് കേസെടുത്തത്. ഒളിവില്‍ പോയ വൈദികനെ രൂപതാ നേതൃത്വം മതപരമായ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.