സംസ്ഥാനത്തെ ട്രഷറികളില്‍ ഉള്ളത് 15 കോടി രൂപ മാത്രം; വേണ്ടത് 200 കോടി രൂപ; റിസര്‍വ്വ് ബാങ്ക് പണം നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പല ട്രഷറികളിലും ശമ്പള-പെന്‍ഷന്‍ വിതരണത്തിനുള്ള പണമില്ല. റിസര്‍വ്വ് ബാങ്ക് പണം നല്‍കിയില്ലെങ്കില്‍ ശമ്പള വിതരണം മുടങ്ങും.സുഗമമായ പ്രവര്‍ത്തനത്തിന് ഇന്നു വേണ്ടത് 200 കോടി രൂപയാണ്. എന്നാല്‍ ശമ്പള വിതരണം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോള്‍ 15 കോടി രൂപ മാത്രമാണ് അക്കൗണ്ടിലുള്ളത്. സംസ്ഥാനത്ത് നാലര ലക്ഷം പേരാണ് പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇതില്‍ 96000 പേരാണ് ഇതുവരെ പെന്‍ഷന്‍ തുക കൈപ്പറ്റിയത്. 3,39000 പേര്‍ ഇനിയും പെന്‍ഷന്‍ വാങ്ങാനുണ്ട്. ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പണം ട്രഷറികളിലില്ല. ഇതു വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാക്കും.സംസ്ഥാന ആവശ്യപ്പെടുന്ന തുക റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഇന്നലെ ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിസന്ധി എത്രമാത്രം രൂക്ഷമാകുമെന്നു പറയാന്‍ കഴിയൂ എന്നും ധനമന്ത്രി പറഞ്ഞു.നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ സംസ്ഥാനം 167 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ 117 കോടി രൂപ മാത്രമായിരുന്നു ആര്‍ബിഐ നല്‍കിയത്. അടുത്ത ദിവസം 140 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 99 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ട്രഷറികള്‍ ആവശ്യപ്പെട്ട പണം എത്തിയില്ലെങ്കില്‍ രണ്ടുദിവസമായി തുടര്‍ന്നിരുന്ന പ്രതിസന്ധി ഇന്നും തുടരും.

© 2025 Live Kerala News. All Rights Reserved.