‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ’;എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ‘ഇടതുമുന്നണിക്ക് വേണമോ ഈ ആറാട്ടുമുണ്ടന്മാരെ’ എന്ന പേരിലുള്ള എഡിറ്റോറിയല്‍ പേജ് ലേഖനത്തില്‍, സി.പി.ഐ. മന്ത്രിമാരെ കരിതേച്ചുകാണിക്കാന്‍ ശ്രമിച്ച മണി രാജഭരണക്കാലത്തെ ആറാട്ടുമുണ്ടന് സമാനമാണെന്ന് പരിഹസിക്കുന്നു. സിപിഐ മന്ത്രിമാര്‍ക്കെതിരായ മണിയുടെ പ്രസംഗം രാഷ്ട്രീയ വിവരമില്ലായ്മയുടെ പേക്കൂത്താണ്. രാഷ്ട്രീയ അജ്ഞാനം കുത്തിനിറച്ച മനസാണ് മണിയുടേത്. സി.പി.ഐ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും വി.എസ്. സുനില്‍കുമാറിനെയും കരിതേച്ചുകാട്ടാനുള്ള മണിയുടെ ശ്രമം പിണറായി സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന ജനങ്ങളെ ഞെട്ടിച്ചുവെന്ന് ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു. റവന്യു മന്ത്രിയോടാണ് മണിക്ക് ഏറ്റവും കലിപ്പ്. ഭൂമാഫിയയ്‌ക്കെതിരെ കര്‍ശന നിലപാട് എടുത്ത മന്ത്രി ഇ.ചന്ദ്രശേഖരനോടുളള അരിശംകൊണ്ട് മണി ഇടതുമുന്നണിയുടെ പുരയ്ക്കുചുറ്റും മണ്ടി നടക്കുകയാണ്. ചന്ദ്രശേഖരനെതിരായ മണിയുടെ വാക്കുകള്‍ ധാര്‍ഷ്്ട്യമാണ്. പണ്ടാരോ പറഞ്ഞപോലെ ‘അങ്ങും ചോതി അടിയനും ചോതി’ എന്ന പോലെയാണ് മണിയും മണിയാശാനായ കലികാല വിശേഷമെന്നും ലേഖനം പറയുന്നു.

© 2025 Live Kerala News. All Rights Reserved.