
തൃശൂര്‍:കൂട്ടബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും പ്രാദേശിക സിപിഎം നേതാവുമായ ജയന്തന്‍. യുവതി പറയുന്നതുപോലെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. എന്റെ വീടിന്റെ അടുത്തായാണ് അവര്‍ താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് മഹേഷിനെ എനിക്കറിയാം. അയാള്‍ എനിക്ക് 3 ലക്ഷം രൂപ തരാനുണ്ട്. അത് തിരിച്ചുചോദിച്ചപ്പോഴാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതുമെന്നും ജയന്തന്‍ പറയുന്നു. മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീ എന്തിന്റെ പേരിലാണ് താങ്കള്‍ക്കെതിരെ ഇത്തരമൊരു പരാതി ഉന്നയിക്കുന്നത് എന്ന ചോദ്യത്തിന് ആ യുവതിയുടെ വീടിന് പരിസരത്ത് ചെന്ന് അന്വേഷിച്ചാല്‍ മതിയെന്നും അവരുടെ സ്വഭാവം മനസിലാകുമെന്നായിരുന്നു ജയന്തന്റെ മറുപടി. കഴിഞ്ഞ മാസം യുവതിയുടെ ഭര്‍ത്താവ് തന്നെ വിളിച്ച് 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എനിക്കെതിരെ കള്ളപ്പരാതി കൊടുക്കുമെന്നും പറഞ്ഞു.
സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണിപ്പോള്‍. അതുകൊണ്ട് പൊലീസ് അന്വേഷിച്ച് ചെയ്യാവുന്നത് ചെയ്യട്ടെയെന്ന് ജയന്തന്‍ പറഞ്ഞു. 2014ല്‍ ജയന്തന്‍ അടക്കം നാലുപേര്‍ പീഡിപ്പിച്ചെന്നാണ് യുവതി, ഭര്‍ത്താവിനും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും അവതാരക പാര്‍വതിക്കുമൊപ്പം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും സമ്മര്‍ദം ചെലുത്തി തന്നെക്കൊണ്ട് മൊഴി മാറ്റിപ്പറയിച്ചെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.