ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും;ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ല;വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫോണ്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. വിശദീകരണം നല്‍കവെ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു ആദ്യം മുഖ്യമന്ത്രി അറിയിച്ചത്. പിന്നീടാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരപ്രമേയനോട്ടീസില്‍ പറയുന്നതു പോലെയുള്ള പരാതിയല്ല ജേക്കബ് ജേക്കബ് തോമസ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്ത അന്വേഷിക്കാനാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടത്. ജേക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. വിജിലന്‍സിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. സ്ഥാനമൊഴിയുന്നു എന്നു ജേക്കബ് തോമസ് ഇതുവരെ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.