കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു; 300 പേര്‍ക്ക് പരുക്ക്;മരണസംഖ്യ ഉയരാന്‍ സാധ്യത; യോണ്ടെയില്‍ നിന്ന് ദൗലയിലേക്ക് പോയ ഇന്റര്‍സിറ്റി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു. 300 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഗതാഗതമന്ത്രി എഡ്ഗാര്‍ഡ് അലെയ്ന്‍ മെബിന്‍ഗോ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.കാമറൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് ദൗലയിലേക്ക് പോയ ഇന്റര്‍സിറ്റി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം 11 മണിയോടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യോണ്ടെയില്‍ നിന്ന് 120 കിലോമീറ്റര്‍ മാറി സെന്‍ട്രല്‍ പ്രവിശ്യയിലെ എസേക്ക സ്റ്റഷന് സമീപത്തു വച്ചാണ് അപകടം നടന്നത്. കനത്ത മഴയില്‍ യോണ്ടെ ദൗല റോഡ് ഇടിഞ്ഞതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ ട്രെയിനിലാണ് യാത്ര ചെയ്തത്.600 പേര്‍ പതിവായി യാത്ര ചെയ്യുന്ന ട്രെയിനില്‍ അപകടം നടക്കുമ്പോള്‍ 1300 പേരാണ് ഉണ്ടായിരുന്നത്.വലിയൊരു ശബ്ദം കേട്ടുവെന്നും പുറകിലേക്ക് നോക്കുമ്പോള്‍ ബോഗികള്‍ പാളത്തിനു പുറത്തേക്ക് മറിഞ്ഞുപോകുന്നതാണ് കണ്ടതെന്നും ട്രെയിനില്‍ യാത്ര ചെയ്തിരുന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍ പറഞ്ഞു. ആളുകള്‍ അധികമായിരുന്നതിനാല്‍ കൂടുതല്‍ ബോഗികള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇവയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാവാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

© 2025 Live Kerala News. All Rights Reserved.