ഇന്ത്യക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതില്‍ പ്രധാനി കോഴിക്കോട് സ്വദേശി;മംഗലച്ചേരി സജീര്‍ അബ്ദുള്ളയാണ് മലയാളികളെ ഐഎസിലെത്തിക്കുന്നത്; എന്‍ഐഎ തിരച്ചില്‍ നടത്തുന്നു

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐഎസിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിലെ പ്രധാനി കോഴിക്കോട് സ്വദേശി മംഗലച്ചേരി സജീര്‍ അബ്ദുള്ള. സജിറാണ് മലയാളികള്‍ അടക്കമുള്ളവരെ ഐഎസിലെത്തിക്കുന്നത്. ഇയാള്‍ക്കുവേണ്ടി ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് പുറമേ അഫ്ഗാനിസ്താന്‍, യു.എ.ഇ. ഇന്റലിജന്‍സ് ഏജന്‍സികളും തിരച്ചില്‍ നടത്തുകയാണ്. ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.ലോറിഡ്രൈവറുടെ മകനായ സജീര്‍ നാട്ടുകാര്‍ക്ക് ദൈവഭക്തിയുള്ള, കഠിനാധ്വാനിയായ, പ്രത്യേക രാഷ്ട്രീയചായ്‌വ് പ്രകടിപ്പിക്കാത്ത വ്യക്തിയാണ്. വല്ലപ്പോഴും കോഴിക്കോട്ടുനിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായിലേക്ക് യാത്രചെയ്യുന്ന വ്യക്തി. അതും എക്കോണമി ക്ലാസില്‍. വിമാനത്തില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന തൊഴിലാളികളില്‍ ഒരുവന്‍ മാത്രമാണ് സഹയാത്രികര്‍ക്ക് സജീര്‍.കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയിലെത്തിയ സജീര്‍ അവിടെനിന്ന് കടന്നുകളഞ്ഞു.  ഇപ്പോള്‍ അഫ്ഗാനിസ്താനിലുണ്ടാകുമെന്നാണ് എന്‍ഐഎ. കരുതുന്നത്. ഐഎസ്സിന് സഹായം നല്‍കിയെന്ന സംശയത്തില്‍ ഈമാസം ആദ്യം കണ്ണൂരിലെ കനകമലയില്‍ നിന്ന് അറസ്റ്റിലായ ആറുപേരില്‍നിന്നാണ് സജീറിനെക്കുറിച്ച് വിവരം ലഭിച്ചത്. സമാനചിന്താഗതിയുള്ള വിദ്യാസമ്പന്നരായ യുവതീ യുവാക്കളെയാണ് സജീര്‍ റിക്രൂട്ട് ചെയ്യുന്നത്. ഇന്ത്യയില്‍നിന്ന് എത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കാതെ അഫ്ഗാനില്‍ വിട്ട് യുദ്ധമുറകളിലും ബോംബുനിര്‍മാണത്തിലും പരിശീലനം നല്‍കി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ചില ബി.ജെ.പി. നേതാക്കളെയും ഇസ്ലാംവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ജഡ്ജിമാരെയും കൊടെയ്ക്കനാല്‍ സന്ദര്‍ശനത്തിനെത്തുന്ന ഇസ്രായേല്‍കാരെയും കൊല്ലുകയെന്ന നിര്‍ദേശം ഐ.എസ്. റിക്രൂട്ടുകള്‍ക്ക് നല്‍കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.