തിരുവനന്തപുരം:പിന്നോട്ട് തള്ളിയില്ലെങ്കില്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. കോണുകളില്‍ നിന്ന് ആരോപണം ഉന്നയിക്കുവര്‍ ആരെന്ന് അറിയണമെന്നും ജേക്കബ് തോമസ് പറഞ്ഞു. രാജി നല്‍കിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേ പഴയ ജോലി തുടരുന്നുവെന്ന് ജേക്കബ് തോമസ് പറഞ്ഞു. വിജിലന്‍സിലെ ജോലിയുമായി ശക്തമായി മുന്നോട്ട് പോകും. വിജിലന്‍സിലെ പ്രശ്‌നങ്ങള്‍ ജനകീയ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇനി തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജേക്കബ് തോമസിന്റെ കത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്നിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ജേക്കബ് തോമസിന്റെ രാജി കത്ത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാര്‍ തീരുമാനം ജേക്കബ് തോമസിനെ ഔദ്യോഗികമായി അറിയിക്കും. തുടരണമെന്ന കാര്യത്തില്‍ സര്‍ക്കാരിലും എല്‍ഡിഎഫിലും ധാരണയുണ്ടായ സാഹചര്യത്തില്‍ ജേക്കബ് തോമസ് തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ഒഴിയാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ജേക്കബ് തോമസ് പറയുന്നു. കത്ത് ലഭിച്ചതായി സ്ഥിരീകരിച്ച ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ജേക്കബ് തോമസിന്റെ രാജികത്ത് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചിരുന്നില്ല. തീരുമാനമാകുമ്പോള്‍ അറിയിക്കാമെന്നും ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം തങ്ങളുടെ മുന്നില്‍ ഇല്ലെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസാണ് ജേക്കബ് തോമസിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുന്നത്. ജേക്കബ് തോമസ് രാജിവെക്കേണ്ടതില്ല എന്നു വ്യക്തമാക്കി ഇന്നലെയും ഇന്നും വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു.