16 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കമ്പിയില്‍ തറച്ചു;അര്‍ജന്റീനയില്‍ പ്രതിഷേധ കൊടുങ്കാറ്റ്

ബ്യൂണോസ് എയേഴ്‌സ്: 16 വയസുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലൂസിയ പെരേസിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കമ്പിയില്‍ തറച്ച് കൊലപ്പെടുത്തിയ സംഭവം അര്‍ജന്റീനയില്‍ പ്രതിഷേധ കൊടുങ്കാറ്റ് ഉയര്‍ത്തുന്നു.കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് അര്‍ജന്റീനക്കാര്‍ തെരുവുകളില്‍ നീതിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി.’ഞങ്ങളില്‍ ഒന്നിനെ നിങ്ങള്‍ തൊട്ടാല്‍, ഞങ്ങളെല്ലാം ചേര്‍ന്ന് തിരിച്ചടിക്കും’ എന്നാണ് പ്ലക്കാര്‍ഡുകളില്‍ വനിതകള്‍ ഉയര്‍ത്തിയ വാക്കുകള്‍. അര്‍ജന്റീനയില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ ഒടുവിലത്തെ സംഭവമാണ് 16 വയസുകാരിയുടെ അതിക്രൂരമായ കൊലപാതകം.നിരവധി പുരുഷന്‍മാരും അതിക്രമത്തിനെതിരായി പ്രതിഷേധ സ്വരം ഉയര്‍ത്തി തെരുവുകളിലേക്കെത്തി. ഒക്ടോബര്‍ എട്ടിനാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലൂസിയ പെരേസിനെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഇരുമ്പ് കമ്പിയില്‍ തറച്ച് കൊലപ്പെടുത്തിയത്. ഡ്രഗ് ഡീലര്‍മാരാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്. കുറ്റവാളികളെ കണ്ടെത്താനും നടപടിയെടുക്കാനും ആവശ്യപ്പെട്ട് വനിതകള്‍ തെരുവുകളിലേക്ക് ഇറങ്ങി.ലൂസിയ പെരേസിന്റെ മരണമാണ് രാജ്യത്തെ ഞെട്ടിച്ച ഒടുവിലത്തെ ബലാല്‍സംഗ കേസ്. ഹീനമായി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം ലാറ്റിന്‍ അമേരിക്കയെ മുഴുവന്‍ പ്രതിഷേധത്തിലാഴ്ത്തി. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന വനിതകള്‍ക്ക് പോരാടാനുള്ള ശക്തി പകര്‍ന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്‌പെയിനിലും പ്രകടനങ്ങള്‍ നടന്നു.

© 2025 Live Kerala News. All Rights Reserved.