പാകിസ്താനില്‍ ഇന്ത്യന്‍ ടിവി പരിപാടികള്‍ക്ക് വിലക്ക്;ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടിവി ചാനലുകളിലും റേഡിയോയിലും ഇന്ത്യന്‍ പരിപാടികള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ പാക് തീരുമാനിച്ചു. രാജ്യത്തെ പ്രാദേശിക ചാനലുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഉള്ളടക്കം വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പാകിസ്ഥാന്‍ മീഡിയ റെഗുലേറ്ററി അതോറിറ്റി ഇന്ത്യന്‍ പരിപാടികള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ അഞ്ച് ശതമാനം വിദേശ ഉള്ളടക്കം മാത്രമാണ് അനുവദിക്കപ്പെട്ടിരുന്നത്. ഈ ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും അതോറിറ്റി അധികൃതര്‍ മുന്നറിയിപ്പു നല്‍കി. മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ കാലത്ത് 2006 ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പാകിസ്ഥാനില്‍ സംപ്രേഷണാനുമതി നല്‍കിയത്. ഈ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തിലുണ്ടായ പാകിസ്ഥാന്‍ ഭീകരാക്രമണത്തില്‍ 19 ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് പാക് ഭീകരവാദ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ പുതിയ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

© 2025 Live Kerala News. All Rights Reserved.