കോടതിയില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം; വിജിലന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു; കയ്യേറ്റം നടത്തിയത് ജഡ്ജി നോക്കിനില്‍ക്കെ

തിരുവനന്തപുരം: തലസ്ഥാനത്തെ വിജിലന്‍സ് കോടതിയില്‍ വീണ്ടും അഭിഭാഷകരുടെ അഴിഞ്ഞാട്ടം.ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്ന വഞ്ചിയൂര്‍ കോടതിയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ഒരുസംഘം അഭിഭാഷകര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ജഡ്ജിയും പൊലീസും നോക്കിനില്‍ക്കെയായിരുന്നു അഭിഭാഷകരുടെ കയ്യേറ്റവും ഭീഷണിയും. ഏഷ്യാനെറ്റിന്റെയും ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവര്‍ക്കെതിരെ അഭിഭാഷകര്‍ രംഗത്ത് വന്നു. കോടതി മുറിക്കുളളിലായിരുന്നു സംഭവം നടന്നത്. ബഹളം കേട്ട് ജഡ്ജി വിവരം തിരക്കിയെങ്കിലും ബലംപ്രയോഗിച്ച് ഒരു സംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കോടതി മുറിക്കുള്ളില്‍ നിന്നും പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ പുറത്തിറക്കിയത്.മന്ത്രി ജയരാജനെതിരെ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയത്. തുടര്‍ന്ന് അന്വേഷണ പുരോഗതി തിങ്കളാഴ്ച അറിയിക്കണമെന്നും കോടതി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിലെ ബന്ധു നിയമനങ്ങള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയും കോടതി ഫയലില്‍ സ്വീകരിച്ചു.

© 2025 Live Kerala News. All Rights Reserved.