ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ വിന്യാസത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തന്‍വീര്‍ അഹമ്മദിനെയാണ് ജമ്മു കശ്മീര്‍ ഡി.ജി.പി രാജേന്ദ്ര കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. തന്‍വീര്‍ അഹമ്മദ് ഫോണിലൂടെ പാകിസ്താനിലേക്ക് നിരന്തരം വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. ഇന്ത്യന്‍ സൈനിക കമാന്‍ഡറാണെന്ന് പരിചയപ്പെടുത്തിയ ആള്‍ക്കാണ് കശ്മീര്‍ താഴ്‌വരയിലെ പൊലീസിന്റെയും അര്‍ദ്ധസൈനികരുടെയും വിന്യാസത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ കൈമാറിയതെന്നാണ് തന്‍വീറിന്റെ വിശദീകരണം. വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് എസ്.പിയുടെ അനുമതി തേടിയിരുന്നതായും തന്‍വീര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി കശ്മീരിലെ പൊലീസുദ്യോഗസ്ഥര്‍ക്ക് പാകിസ്താനില്‍ നിന്ന് നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. മേലുദ്യോഗസ്ഥരാണെന്നും സൈനികവൃത്തങ്ങളാണെന്നും പറഞ്ഞാണ് ഇത്തരത്തിലുള്ള കോളുകള്‍ വരാറുള്ളതെന്നും സുരക്ഷാ ഏജന്‍സികള്‍ പറയുന്നു.