ന്യൂഡല്‍ഹി: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ചെറുപ്പത്തില്‍ തനിക്കിഷ്ടമായിരുന്നെന്നും ആ ഇഷ്ടം ഇപ്പോഴുമുണ്ടെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ‘ചെറുപ്പത്തില്‍ സുന്ദരിയായിരുന്ന ജയലളിതയുടെ ചിത്രംകണ്ട് എനിക്കവരോട് പ്രേമംതോന്നി. ജയലളിത ഒരിക്കലും അതറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ അത് തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു. ഇപ്പോഴും ജയലളിത സുന്ദരിയാണ്, എനിക്കവരോട് ഇപ്പോഴും ഇഷ്ടവുമാണ്. അവര്‍ എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെ’.
ജയലളിതയുടെ നാശം സ്വപ്‌നംകാണുന്നവര്‍ നിരാശരാവുമെന്നും ജസ്റ്റിസ് കട്ജു പറഞ്ഞു. താന്‍ ജീവിതത്തില്‍ ജയലളിതയെ ആകെ രണ്ടുതവണമാത്രമാണ് നേരിട്ടു കണ്ടിട്ടുള്ളതെന്നും കട്ജു പറഞ്ഞു. ആദ്യ കൂടിക്കാഴ്ച 2004 നവംബറിലായിരുന്നു. അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായപ്പോള്‍ രാജ്ഭവനില്‍നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍വെച്ചാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കണ്ടത്. സുന്ദരമായ ഇംഗ്ലീഷില്‍ ജയലളിത എന്നോടും ഭാര്യയോടും സംസാരിച്ചു. ചെന്നൈയില്‍ നല്ല ഷോപ്പിങ് കേന്ദ്രങ്ങളുണ്ടെന്ന് ജയലളിത എന്റെ ഭാര്യയോട് പറഞ്ഞു. പ്രസ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെയാണ് രണ്ടാംതവണ ജയലളിതയെ കണ്ടത്. വിരമിച്ച ജഡ്ജിമാര്‍ക്ക് വീട്ടില്‍ സഹായത്തിന് ആളെവെക്കുന്നതിന് പ്രതിമാസം ഒരു ചെറിയതുക അനുവദിക്കണമെന്നാവശ്യപ്പെടുന്നതിനാണ് അന്ന് ജയലളിതയെ കണ്ടത്. ചെന്നൈയില്‍ സെക്രട്ടേറിയറ്റില്‍ രണ്ടാമത്തെ നിലയിലുള്ള അവരുടെ ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് ജസ്റ്റിസായിരിക്കെ ജയലളിത തന്നോട് ഒരുതരത്തിലുള്ള ശുപാര്‍ശയും നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരോട് തനിക്ക് ബഹുമാനമാണെന്നും കട്ജു വ്യക്തമാക്കി. ജയലളിതയ്ക്ക് ഹിന്ദി അറിയാമെന്നാണ് തന്റെ വിവരമെന്നുപറഞ്ഞപ്പോള്‍ ജയലളിത ഹിന്ദിയില്‍ സംസാരിച്ചെന്നും ഉത്തര്‍പ്രദേശുകാര്‍ സംസാരിക്കുന്നതുപോലെയാണ് അവര്‍ ഹിന്ദി സംസാരിച്ചതെന്നും കട്ജു പറഞ്ഞു. തന്റെ ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറിയെന്നും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഈ ആവശ്യം ജയലളിത നിറവേറ്റിയെന്നും കട്ജു ചൂണ്ടിക്കാട്ടി.