അടുത്ത അഞ്ച് കൊല്ലം ലോഡ്‌ഷെഡ്ഡിങ്ങും പവര്‍കട്ടും ഉണ്ടാകില്ല; കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.എന്നാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് കൊല്ലത്തിനിടെ ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാവില്ലെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കടുത്ത ഊര്‍ജ പ്രതിസന്ധിയുണ്ട്. എങ്കിലും ഉള്ള നീരോഴുക്ക് പരമാവധി സംഭരിച്ച് വേനലിനെ മറികടക്കാനാണ് ശ്രമം. കേരളത്തിലേക്ക് ആവശ്യമായ 65 ശതമാനം വൈദ്യുതിയും കേരളത്തിന് പുറത്തു നിന്നാണ് വാങ്ങുന്നത്. വൈദ്യുതിപ്രതിസന്ധി നേരിടാന്‍ പരിസ്ഥിതിക്ക് യോജിച്ച ജലവൈദ്യുത പദ്ധതികള്‍ വേണമെന്നും കടകംപള്ളി പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ ഊര്‍ജനയം സംസ്ഥാനത്തിന് വെല്ലുവിളിയാണ്. വലിയ പദ്ധതികളില്ലാതെ കേരളത്തിന് മുന്നോട്ട് പോവാനാവില്ല. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കുമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ സോളര്‍ പദ്ധതികളില്‍ നിന്ന് 700 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതി സംസ്ഥാനം ആലോചിക്കുന്നുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ അഞ്ച് 400 കെ.വി സബ് സ്റ്റേഷനും ഇരുപത്തി നാല് 220 കെവി സബ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളില്‍ കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാക്കും. വൈദ്യുതി ബില്ല് അടയ്ക്കാന്‍ സിഡിഎം മാതൃകയില്‍ മെഷീന്‍ സ്ഥാപിച്ചതായും വൈദ്യുതി പോയാല്‍ പരാതിപ്പെടാന്‍ ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.