ആളിയാറില്‍ നിന്നും കേരളത്തിന് വെള്ളമില്ല;വെള്ളം നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തി; തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്

ചെന്നൈ: പറമ്പികുളം – ആളിയാര്‍ കരാര്‍ നിലവില്‍ വന്ന് 58 വര്‍ഷത്തിനിടയില്‍ ആദ്യമായി ആളിയാര്‍ ഡാമില്‍ നിന്ന് കേരളത്തിന് വെള്ളം നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തി. കേരളത്തിലെ കര്‍ഷകര്‍ വിളവിറക്കി കാത്തിരിക്കുമ്പോഴാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം തമിഴ്‌നാട് തടഞ്ഞുവച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തമിഴ്‌നാട്ടില്‍ നിന്നും ജലവിഭവവകുപ്പ് അധികൃതര്‍ ആളിയാറിലെത്തി കേരളത്തിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടര്‍ പൂര്‍ണമായും അടച്ചത്. തങ്ങള്‍ക്കു വേണ്ട വെള്ളം ഡാമില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് ഇതിനു കാരണമായി തമിഴ്‌നാട്ചൂണ്ടിക്കാട്ടുന്നത്. ജലം വിട്ടുനല്‍കിയില്ലെങ്കില്‍ കേരളത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടാകും. തമിഴ്‌നാടിന്റെ പുതിയ നടപടി മൂലം പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകള്‍ രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ജലദൗര്‍ലഭ്യമെന്ന് പറഞ്ഞ് ഷട്ടറുകളടച്ച് തമിഴ്‌നാട് ഏകപക്ഷീയമായി തീരുമാനമെടുത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 1970 ല്‍ കേരളവും തമിഴ്‌നാടും തമ്മിലുണ്ടാക്കിയ ആളിയാര്‍ കരാര്‍ പ്രകാരം ആളിയാര്‍ ഡാമില്‍ നിന്നും നിശ്ചിത അളവ് ജലം ഓരോ മാസവും കേരളത്തിലേക്ക് നല്‍കും. ഈ മാസം ഒന്നാം തീയതി മുതല്‍ 700 ദശലക്ഷം ഘനയടി ജലം തരേണ്ടതാണ് അതായത് ഒരു മിനിറ്റില്‍ 540 ഘനയടി ജലം. കഴിഞ്ഞ ദിവസം നല്‍കേണ്ടതില്‍ പാതിജലം പോലും വിട്ടു നല്‍കിയിരുന്നുമില്ല. ആളിയാര്‍ ഡാമില്‍ നിന്നും തുറന്നുവിടുന്ന വെള്ളം വിവിധ കൈവഴികളിലൂടെയാണ് ചിറ്റൂര്‍ ,ഭാരതപ്പുഴ എന്നീ നദികളിലേക്കെത്തുന്നത്.

© 2025 Live Kerala News. All Rights Reserved.