ഇന്ത്യന്‍ സൈനികര്‍ എല്ലാ രാത്രിയും വെടിയുതിര്‍ക്കുന്നു; ബുധനാഴ്ച രൂക്ഷമായിരുന്നു; ചെനീസ് മാധ്യമത്തോട് പരാതി പറഞ്ഞു പാക് സൈനിക വക്താവ്

ഇസ്‌ലാമാബാദ്: ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ നിയന്ത്രണരേഖയ്ക്ക് സമീപം ‘ഇന്ത്യന്‍ സൈനികര്‍ പാക് സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നു, ബുധനാഴ്ച രൂക്ഷമായിരുന്നു’. ചൈനീസ് മാധ്യമമായ സിന്‍ഹുവയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ അസിം ബജ്‌വ പറഞ്ഞത്. വിവിധ തരത്തിലുള്ള ആയുധങ്ങളും തോക്കുകളും ഷെല്ലുകളും ഉപയോഗിച്ച് ഏതാണ്ട് 25,000 റൗണ്ടാണ് ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു.സെപ്റ്റംബര്‍ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം എല്ലാ ദിവസവും രാത്രിയില്‍ ഇന്ത്യന്‍ സൈന്യം പാക്ക് സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അയല്‍ രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അസിം ബജ്‌വ പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സൈനിക തലത്തിലുള്ള ഹോട്ട് ലൈന്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഇപ്പോഴും തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മിന്നലാക്രമണത്തിനുശേഷം പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ 25 തവണയാണ് വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. മൂന്നു സൈനികര്‍ക്കും ഏതാനും പ്രദേശവാസികള്‍ക്കും നിസാര പരുക്കേറ്റു. പാക്കിസ്ഥാന് കൃത്യമായ മറുപടി നല്‍കിയെന്നും ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.