ജിസാറ്റ് -18 വിക്ഷേപണം വിജയകരം; ബാങ്കിംഗ്, ടെലിവിഷന്‍, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ കൂടുതല്‍ പ്രവര്‍ത്തനശേഷി

കയെനി: ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ വച്ചു വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ജിസാറ്റ് -18 വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 റോക്കറ്റാണ് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്. നേരത്തെ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം കനത്ത കാറ്റ് മൂലം ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ്18. 3404 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ മൊത്തംഭാരം. ഇന്ത്യന്‍ വിക്ഷേപണവാഹനമായ പിഎസ്എല്‍വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയതിനാലാണ് ഉപഗ്രഹം ബഹിരാകാശത്തെത്തിക്കാന്‍ ഐഎസ്ആര്‍ഒ വിദേശ ഏജന്‍സിയുടെ സഹായം തേടിയത്. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, ഉപഗ്രഹവിക്ഷേപണ വാഹിനിയാണ് യൂറോപ്യന്‍ സ്‌പേസ് എജന്‍സിയുടെ ഏരിയാന്‍ 5 റോക്കറ്റ്.രാജ്യത്തിന് മികച്ച വാര്‍ത്താവിനിമയ സേവനം ലഭ്യമാക്കുക എന്നതാണ് ജിസാറ്റ് 18 വിക്ഷേപണം കൊണ്ട് ഐഎസ്ആര്‍ഒ ലക്ഷ്യം വെക്കുന്നത്. 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ന് ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയയ്ക്കാനുള്ള ശേഷിയുണ്ട്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍. തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ജിസാര്‌റ് 18 ലൂടെ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.