ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ല; പാന്റിട്ട് വന്നാല്‍ മതിയെന്ന് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ട്രൗസറിട്ട് റാലി നടത്താന്‍ അനുവദിക്കില്ലെന്നും പാന്റിട്ട് മാത്രം റാലി നടത്തിയാല്‍ മതിയെന്നുമാണ് ആര്‍എസ്എസിനോട് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. കോടതി നിര്‍ദ്ദേശ പ്രകാരം, തമിഴ്‌നാട്ടില്‍ നവംബറില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് തീരുമാനിച്ചിരുന്ന റാലിയ്ക്ക് ഇനി മുഴുനീള പാന്റുകള്‍ അനിവാര്യമാണ്. കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി ആര്‍എസ്എസ് തങ്ങളുടെ റാലികള്‍ നടത്തിയിട്ടുള്ളത് നിക്കര്‍ വേഷം ധരിച്ച് കൊണ്ടാണ്. മുഴുനീള പാന്റുകള്‍ ധരിക്കുന്നതിനൊപ്പം തന്നെ ഘോഷയാത്രയ്ക്കിടയിലുള്ള മുദ്രാവാക്യങ്ങള്‍ക്കും കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. കോടതി നിബന്ധനകളുടെ ഭാഗമായി പ്രവര്‍ത്തകരുടെ മുളവടിയും ഇത്തവണ ഘോഷയാത്രകളില്‍ സാന്നിധ്യം അറിയിക്കാന്‍ പാടില്ല.നേരത്തെ, ആര്‍എസ്എസ് ഘോഷയാത്രകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും ഹിന്ദു മുന്നണി നേതാവിന്റെ മരണത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അരങ്ങേറിയ സംഘര്‍ഷങ്ങളെയും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആര്‍എസ്എസിന്റെ റാലിയെ എതിര്‍ത്തത്. എന്നാല്‍ നവംബര്‍ 6 നോ, നംവബര്‍ 13 നോ റാലികള്‍ നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരന്നു. തമിഴ്‌നാട്ടിലുടനീളമായി 14 ഓളം ഘോഷയാത്രകളാണ് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന് സാന്നിധ്യം കുറവായതിനാല്‍, ഒരോ ഘോഷയാത്രയിലും 200-300 ഓളം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് അണിനിരത്തുക. കന്യാകുമാരിയിലും കോയമ്പത്തൂരിലും വെച്ച് ആര്‍എസ്എസ് നടത്തുന്ന ആഘോഷങ്ങളില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകരെയാണ് പ്രതീക്ഷിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.