സ്വാശ്രയ പ്രശ്‌നത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരസമരം അവസാനിപ്പിച്ചു; സമരം നിര്‍ത്തിയത് സഭ സമ്മേളിക്കാത്തതിനാല്‍; ഇനി സമരം സഭയ്ക്ക് പുറത്ത്; തീരുമാനം യുഡിഎഫ് യോഗത്തില്‍

തിരുവനന്തപുരം:  സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമരം നടത്തിയ എംഎല്‍എമാര്‍ക്ക് വൈകുന്നേരം നാലു മണിക്ക് സ്വീകരണം നല്‍കും. സമരം തല്‍ക്കാലം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കും. 11 ദിവസത്തേക്ക് നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ ഇനി എംഎല്‍എമാര്‍ നിയമസഭ മന്ദിരത്തിന് മുന്നില്‍ നിരാഹാര സമരം തുടരേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫിലെ ധാരണ. നിയമസഭ പിരിഞ്ഞ സാഹചര്യത്തില്‍ സമരം സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് മാറ്റാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 17ന് സഭ വീണ്ടും തുടങ്ങുമ്പോള്‍ ശക്തമായ പ്രതിഷേധം തുടരാനും യുഡിഎഫ് തീരുമാനിച്ചു. അതേസമയം സമരം തുടരാന്‍ തങ്ങള്‍ ഒരുക്കമാണെന്നും സമരം അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും വി.ടി.ബല്‍റാമും റോജി ജോണും നേതൃത്വത്തെ അറിയിച്ചു. ഏഴു ദിവസമായി നിയമസഭയുടെ പ്രവേശന കവാടത്തില്‍ നിരാഹാരം സമരം നടത്തിവന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പകരം എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണുമാണ് നിരാഹാരം തുടരുന്നത്. ഇവര്‍ക്കൊപ്പം ലീഗ് എംഎല്‍എമാരായ പി.ഉബൈദുല്ലയും ടി.വി.ഇബ്രാഹിമും അനുഭാവ സത്യഗ്രഹവുമായി വേദിയിലുണ്ട്.

© 2025 Live Kerala News. All Rights Reserved.