കാവേരി നദീജല തര്‍ക്കം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്; 25,000 പൊലീസുകാരെ സുരക്ഷയ്ക്ക് വിനിയോഗിച്ചിട്ടുണ്ട്; കേരളത്തില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പകല്‍ ബസ് സര്‍വീസ് ഇല്ല

ബാംഗ്ലൂര്‍: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം കൊടുക്കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ഇന്ന് കര്‍ഷകബന്ദ്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ബന്ദ്.അനേകം സംഘടനകളുടെപിന്തുണയോടെ കര്‍ഷക സംഘടന ആഹ്വാനം ചെയ്ത ബന്ദില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ബന്ദിനെ നേരിടാനും സുരക്ഷ ഒരുക്കാനുമായി 25,000 പോലീസുകാരെയാണ് വിനിയോഗിച്ചിട്ടുള്ളത്. കേരളത്തിലേക്കും തിരിച്ചുമുള്ള അനേകം കേരള, കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ പകല്‍ സര്‍വീസ് നടത്തുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം വരുന്ന സംഘടനകളാണ് ബന്ദിന് പിന്തുണയുമായി രംഗത്തുള്ളത്. ഓട്ടോ, ടാക്‌സി, ലോറി ഡ്രൈവര്‍മാരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ജോലി ചെയ്യുന്നില്ല. എയര്‍പോര്‍ട്ട് ടാക്‌സികളും സര്‍വീസ് നടത്താന്‍ തയ്യാറായിട്ടില്ല. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ബംഗലുരു, മൈസുരു, മാണ്ഡ്യ എന്നിവിടങ്ങളിലായി ക്രമസമാധാന പാലനത്തിനായി 25,000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിച്ചിട്ടുള്ളത്. ആന്ധ്ര, കേരളം എന്നിവിടങ്ങളില്‍ നിന്നും പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.