നാദാപുരം അസ്ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; ജിബിന്‍, ഷാജി എന്നിവരാണ് പിടിയിലായത്; ഇവരാണ് അസ്‌ലമിനെ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയത്

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലം വധക്കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളത്തില്‍ ജിബിന്‍ (26), തുണേരി വെള്ളൂര്‍ സ്വദേശി കരിക്കിലോട്ട് ഷാജി (28) എന്നിവരെയാണ് കുറ്റ്യാടി സി.ഐ സജീവന്‍ അറസ്റ്റ് ചെയ്തത്. അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കുറ്റമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ സിപിഎം പ്രവര്‍ത്തകരായ വെള്ളൂര്‍ കോടഞ്ചേരി കരുവിന്റവിട രമീഷിനെയും വളയം നിരവുമ്മല്‍ സ്വദേശി കക്കുഴിയുളള പറമ്പത്ത് കുട്ടു എന്ന നിധിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലയാളികള്‍ ആവശ്യപ്പെട്ട പ്രകാരം കൊലപാതകത്തിന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് നല്‍കി കൊലപാതകത്തിന് അറിഞ്ഞ് കൊണ്ട് കൂട്ടുനിന്നുവെന്നാണ് നിധിനെതിരായ കേസ്. കൊലപാതകം ആസൂത്രണം ചെയ്തതും അസ്‌ലമിനെ പിന്തുടര്‍ന്നു കൊലയാളികള്‍ക്കു വിവരം നല്‍കിയതും രമീഷാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആഗസ്റ്റ് 11നാണ് തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്‌ലം (22) വെട്ടേറ്റു മരിച്ചത്. ഇന്നോവ കാറിലെത്തിയ സംഘമാണ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവ കാറില്‍ പിന്നില്‍ നിന്ന് വന്ന സംഘം ബൈക്കിനെ ഇടിച്ചു വീഴ്ത്തിയ ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം സംഘം കാറില്‍ കടന്നുകളഞ്ഞു.

© 2025 Live Kerala News. All Rights Reserved.