ഗ്രീസില്‍ ഹിതപരിശോധന സര്‍ക്കാരിന് അനുകൂലം

ഏതന്‍സ്: കടക്കെണിയിലായ  ഗ്രീസിന്റെ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതിനായി നടന്ന നിര്‍ണായക ഹിതപരിശോധന  സര്‍ക്കാരിന്  അനുകൂലം. രാജ്യാന്തര  വായ്പ നേടാന്‍ യൂറോപ്യന്‍ യൂണിയന്റെ കടുത്ത  നിബന്ധനകള്‍  അംഗീകരിക്കേണ്ടതില്ലെന്ന്  ഗ്രീക്ക്  ജനത വിധിയെഴുതി. ജനാധിപത്യത്തെ ബാക്ക്‌മെയില്‍  ചെയ്യാനാകില്ലെന്ന്   പ്രധാനമന്ത്രി  അലക്‌സി സിപ്രസ്  പറഞ്ഞു.  ഇതോടെ യൂറോ സോണില്‍ നിന്ന്  ഗ്രീസ്  പുറത്താകാനുള്ള  സാധ്യത ശക്തമായി. രാജ്യാന്തര വായ്പ നേടാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും മുന്നോട്ട് വച്ച നിബന്ധന അംഗീകരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നതിനായിരുന്നു ഹിതപരിശോധന. 61 ശതമാനം പേരും നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായി വോട്ടുചെയ്തു. 39 ശതമാനം പേര്‍മാത്രമാണ് സര്‍ക്കാരിന് വിരുദ്ധമായി നിലകൊണ്ടത്. ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയപ്പോള്‍ തന്നെ ഏതന്‍സിലെ തെരുവുകള്‍ സര്‍ക്കാര്‍ അനുകൂലികളെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരകണക്കിന് ഇടത് അനുകൂലികളാണ് തലസ്ഥനത്ത് അഹ്ലാദ പ്രകടനം നടത്തിയത്. ഹിതപരിശോധനാ ഫലം അലക്‌സി സിപ്രസ് സര്‍ക്കാരിനെ താല്‍ക്കാലിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്!റുമെങ്കിലും യൂറോ സോണില്‍ നിന്ന് ഗ്രീസ് പുറത്താകുന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. ഔദ്യോഗിക കറന്‍സിയായ യൂറോ നഷ്ടമായാല്‍ ഗ്രീസിന് പഴയനാണമായ ഡ്രക്ക്മ പുനസ്ഥാപിക്കേണ്ടിവരും. ഹിതപരിശോധനയുടെ ഫലസൂചന  പുറത്ത് വന്നപ്പോള്‍ തന്നെ ഡോളറിനെതിരേ യൂറോയുടെ മൂല്യം ഇടിയാന്‍ തുടങ്ങി. സ്ഥിതി ഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോസോണ്‍ സമിതി നാളെ അടിയന്തിരയോഗം ചേരും. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് ലഭിച്ച ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഹിതപരിശോധനാ ഫലം. യൂറോ സോണില്‍ നിന്ന്  ഗ്രീസ് പുറത്താകുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ  ദോഷകരമായി ബാധിക്കും.

© 2025 Live Kerala News. All Rights Reserved.