ന്യൂഡല്‍ഹി: വഴിയോരത്ത് വാഹനമിടിച്ച് ചോരയില്‍ കുളിച്ച് കിടന്ന മധ്യവയസ്‌ക്കനെ ആരും തിരിഞ്ഞു നോക്കിയില്ല. ഒന്നരമണിക്കൂറോളം ഇയാള്‍ റോഡില്‍ കിടന്നു. ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. റിക്ഷാ ഡ്രൈവറായ (40) മതിബൂലാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇയാളെ ഇടിച്ച് വീഴ്ത്തിയ വാഹനത്തിലെ ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ചുറ്റുവട്ടം നിരീക്ഷിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. അതിനിടെ റിക്ഷയില്‍ പോകുകയായിരുന്ന ഒരാള്‍ വഴിയില്‍ കിടന്ന മതിബൂലിന്റെ അടുത്ത് വന്ന് മൊബൈല്‍ മോഷ്ടിച്ചു പോകുകയും ചെയ്തു. പൊലീസ് സംഘമാണ് മതിബൂലിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതിയാവാം വഴിയോരത്ത് കിടന്ന ഇയാളെ പലരും ഒഴിവാക്കിയതെന്ന് പൊലീസ് പറയുന്നു. ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ക്കെതിരെയും മൊബൈല്‍ മോഷ്ടിച്ച വഴിയാത്രക്കാരനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.