അബുദാബി: സൗരോര്‍ജത്തില്‍ ലോകം ചുറ്റിയ സോളാര്‍ ഇംപള്‍സ് 2 വിമാനം വിജയകരമായി അബുദാബിയില്‍ തിരിച്ചിറങ്ങി. പൂര്‍ണ്ണമായി സൗരോര്‍ജം ഉപയോഗിച്ചാണ് വിമാനം ലോകം ചുറ്റിയത്. 40000 കിലോമീറ്റര്‍ ചുറ്റിക്കറങ്ങിയ വിമാനം ഒരു വര്‍ഷം മുമ്പാണ് പറന്ന് തുടങ്ങിയത്.
സ്വിസ് എഞ്ചിനീയര്‍മാര്‍ വായു മലിനീകരണം തടയുന്നത് ലക്ഷ്യമാക്കി നിര്‍മിച്ച വിമാനം 2015 മാര്‍ച്ചിലാണ് ടേക്ക് ഓഫ് ചെയ്തത്. സോളാര്‍ ഇംപള്‍സ് 2 എന്ന പേരിട്ടിട്ടുള്ള ഈ വിമാനത്തില്‍ സൗരോര്‍ജമല്ലാതെ മറ്റൊരു ഇന്ധനവും ഉപയോഗിച്ചിട്ടില്ല. 16 സ്റ്റോപ്പുകളിലായാണ് വിമാനം ദൗത്യം പൂര്‍ത്തിയാക്കി അബുദാബിയില്‍ ഇറങ്ങിയത്. ‘ഭാവി പൂര്‍ണ്ണമാണ്, നിങ്ങളാണ് ഇനി ഭാവി, ഞങ്ങള്‍ ഞങ്ങളുടെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി , ഇനി ഇത് വ്യാപകമാക്കുക’ വിമാനം അബുദാബിയില്‍ തിരിച്ചിറക്കിയ ശേഷം പൈലറ്റ് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് സഹ പൈലറ്റ് അന്‍ഡ്രെ ബോര്‍ഷ്പര്‍ഗിനെ ഹസ്താദാനം ചെയ്ത് കൊണ്ട് കോക്ക്പിറ്റില്‍ ഇരുന്നു പറഞ്ഞു.