അമേരിക്കയില്‍ വിമാന യാത്രക്കാരനോട് വിവേചനം കാണിച്ചു; മുസ്‌ലിമായതിനാല്‍ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വാഷിങ്ടന്‍: മുസ്ലീം വിമാന യാത്രക്കാരനോട് അമേരിക്കയില്‍ വിവേചനം കാണിച്ചുവെന്നു പരാതി. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ഇസ്‌ലാമിക് റിലേഷന്‍സ് (കെയര്‍) പരാതി നല്‍കി. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് അഹമ്മദ് റദ്‌വാനാണ് മുസ്‌ലിമായതിനാല്‍ വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നത്. കെമിക്കല്‍ എന്‍ജിനീയറായ റദ്‌വാന്‍ തന്റെ സീറ്റില്‍ ഇരുന്നുകഴിഞ്ഞപ്പോള്‍ വിമാന ജീവനക്കാരി മൂന്നുതവണ ഉറക്കെ പേരുവിളിക്കുകയും ‘താങ്കളെ ഞാന്‍ നിരീക്ഷിക്കുന്നതായിരിക്കും’ എന്നു പ്രഖ്യാപിക്കുകയും ചെയ്തു. ‘ഞാന്‍ ഞെട്ടിപ്പോയി. 30 വര്‍ഷത്തോളമായി വിമാനത്തില്‍ യാത്ര ചെയ്യുന്നയാളാണു ഞാന്‍. ആദ്യമായാണ് ഇത്തരമൊരു അനുഭവം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്നു ചോദിച്ചപ്പോള്‍ വളരെ സെന്‍സിറ്റീവാണു വിഷയം എന്നു പറഞ്ഞ് അവര്‍ നടന്നുപോയി’ റദ്‌വാന്‍ പറഞ്ഞു. റദ്‌വാന് വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു. മറ്റൊരു വിമാനത്തില്‍ സീറ്റു സംഘടിപ്പിച്ചാണ് യാത്ര തുടര്‍ന്നത്.

© 2025 Live Kerala News. All Rights Reserved.