കൊച്ചി: ഹൈക്കോടതി പരിസരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്ത അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ നടപടി. മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് അഭിഭാഷക അസോസിയേഷന്‍ നടപടിക്ക് ഒരുങ്ങുന്നത്.
അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അസോസിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. ഹൈക്കോടതി പരിസരത്ത് ബുധനാഴ്ചയുണ്ടായ അക്രമത്തെ വിമര്‍ശിച്ച് ഈ മുതിര്‍ന്ന അഞ്ച് അഭിഭാഷകരും അഭിഭാഷകര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് അപലപനീയമാണെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിലപാട് മറ്റ് അഭിഭാഷകര്‍ക്ക് ക്ഷീണമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിക്ക് ഒരുങ്ങുന്നത്.
ചന്ദ്രബോസ് വധമടക്കമുള്ള പ്രമുഖ കേസുകള്‍ വാദിച്ച സിപി ഉദയഭാനു, നിയവിദഗ്ദ്ധനും സാമൂഹികപ്രവര്‍ത്തകരുമായ ശിവന്‍ മഠത്തില്‍, കാളീശ്വരം രാജ്, മുന്‍എംപിയും മാധ്യമനിരീക്ഷകനുമായ സെബാസ്റ്റ്യന്‍ പോള്‍, മാധ്യമനിരീക്ഷന്‍ എ.ജയശങ്കര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അഭിഭാഷകരുടെ സംഘടനയായ ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. വഞ്ചിയൂര്‍ കോടതി സംഘര്‍ഷങ്ങളെക്കുറിച്ച് മാധ്യമചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ച ഇവര്‍ അഭിഭാഷകരുടെ അക്രമപ്രവര്‍ത്തനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ട് കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ അടിയന്തര ജനറല്‍ ബോഡിയില്‍ കടുത്ത വിമര്‍ശനമാണ് ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് നേരെ അംഗങ്ങള്‍ നടത്തിയത്. അഭിഭാഷക സമൂഹത്തെ ഇവര്‍ വഞ്ചിക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ സംഘടനയെ അപമാനിക്കുകയും ചെയ്തു എന്നായിരുന്നു അംഗങ്ങളുടെ കുറ്റപ്പെടുത്തല്‍. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുതിര്‍ന്ന അഭിഭാഷകരെ സസ്‌പെന്‍ഡ് ചെയ്യാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചത്. നോട്ടീസിന് ഇവര്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംഘടനയില്‍ നിന്നു പുറത്താക്കാനാണ് നിലവിലെ ധാരണ. അതേസമയം തുടര്‍ച്ചയായി രണ്ടാം ദിവസവും അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചതോടെ സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.