മുംബൈയില്‍ അറസ്റ്റിലായ അര്‍ഷിദ് ഖുറേശിക്ക് സാക്കിര്‍ നായിക്കിന്റെ സ്ഥാപനവുമായി അടുത്തബന്ധം; കൊച്ചി സ്വദേശിനിയെ കാണാതായ സംഭവത്തിലാണ് ഇയാളെ പിടികൂടിയത്; ഖുറേശിയെ കേരളത്തിലെത്തിക്കും

മുംബൈ : മുംബൈയില്‍ ഇന്നലെ രാത്രിയില്‍ അറസ്റ്റിലായ അര്‍ഷിദ് ഖുറേശിക്ക് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധം. കൊച്ചി സ്വദേശിനിയായ മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.
മെറിനും ഭര്‍ത്താവ് യഹിയയും മുംബൈയില്‍ ഖുറേഷി എന്നയാളുടെ തടങ്കലിലാണെന്ന വിവരത്തെ തുടര്‍ന്ന് ഖുറേശിയെ പിടികൂടാന്‍ ശ്രമം ആരംഭിച്ചിരുന്നു. നവി മുംബൈയില്‍ വച്ച് രാത്രി 10 മണിയോടെയാണ് ഖുറേശിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘവും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരവിരുദ്ധസേന പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ ഉടന്‍തന്നെ കേരളത്തിലെത്തിക്കും. മെറിന്റെ സഹോദരന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഖുറേശിയിലെത്തിയത്. ഖുറേഷിയുടെ സംഘടനാ ബന്ധങ്ങളും വിദേശ ബന്ധങ്ങളും എന്‍ഐഎയും മുംബൈ പൊലീസും പരിശോധിച്ചിരുന്നു. സഹോദരനെ മെറിനും യഹിയയും ചേര്‍ന്നു മതം മാറ്റാന്‍ ശ്രമിച്ചതായും അതിനായി ഖുറേശിയെ സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചതായും മൊഴിയുണ്ടായിരുന്നു. ഖുറേശിക്ക് ഐഎസുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്നുള്ള വിവരം ലഭ്യമല്ല. മലയാളികള്‍ പോയത് ഐഎസില്‍ ചേരുന്നതിനാണോയെന്നുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഇയാളിലൂടെ ലഭ്യമാകുമെന്ന കണക്കൂകൂട്ടലിലാണ് അന്വേഷണസംഘം.

© 2025 Live Kerala News. All Rights Reserved.