ചെന്നൈ: കബാലി റിലീസിന് ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. തിങ്ക് മ്യൂസിക് ഇന്ത്യ പുറത്തിറക്കിയ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷത്തോളം പേര്‍ യൂട്യൂബിലൂടെ കണ്ടു. ചിത്രം റിലീസിനു മുന്‍പേ തന്നെ വന്‍ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. കബാലി തരംഗത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ബോളിവുഡ് ചിത്രങ്ങള്‍ പോലും റിലീസ് മാറ്റിവച്ചിരിക്കുകയാണ്.ജൂലൈ 22ന് തീയറ്റര്‍ റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകളും തകൃതിയായിരുന്നു. പ്രധാനപ്പെട്ട തീയറ്ററുകളില്‍ ദിവസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ് ആരാധകര്‍ നേരിട്ടത്. അതിനിടെ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നതും വാര്‍ത്തകളിലിടം നേടി. പ്രവൃത്തി ദിവസമായതിനാല്‍ ജോലിക്കാര്‍ ഓഫീസില്‍ വരാതെ കബാലി കാണാന്‍ പോകുമെന്ന ഊഹത്തിലാണ് വിവിധ കമ്പനി അധികൃതര്‍. അതിനാല്‍ തന്നെ ജൂലൈ 22 ന് ഓഫീസിന് അവധി കൊടുത്ത് ജീവനക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ചെന്നൈയിലെയും ബാംഗ്ലൂരിലെയും ചില കമ്പനികള്‍. മാത്രവുമല്ല സൗജന്യമായി ടിക്കറ്റും ജീവനക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്നു. എന്തായാലും കബാലി തകര്‍ക്കുമെന്നാണ് ആരാധക പക്ഷം.