കാത്തിരിപ്പിന് വിരാമം; പുലിമുരുകന്‍ ഒക്ടോബര്‍ ഏഴിന് തീയറ്ററുകളിലെത്തും

കൊച്ചി. കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ആരാധകര്‍ കാത്തിരിക്കുന്ന പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുമായാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടതു മൂലം റിലീസിങ്ങും നീളുമെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് പുലിമുരുകന്‍ എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമാലിനി മുഖര്‍ജിയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കാടിനെ അറിഞ്ഞ്, കാട്ടുമൃഗങ്ങളോടു പൊരുതി ജീവിക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. ലാല്‍, ജഗപതി ബാബു, മംഗല്‍ പാണ്ഡേ, കിഷോര്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉദയകൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.