കൊച്ചി: സംസ്ഥാനത്തെ 1000 നിര്‍ധന കുടുംബങ്ങള്‍ക്കു വീടു നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുമായി നടന്‍ ദിലീപ് രംഗത്ത്. 55 കോടി രൂപയുടെ പദ്ധതിയാണിത്. ആലുവ കേന്ദ്രമായ ജിപി ചാരിറ്റബിള്‍ ട്രസ്റ്റ്, കേരള ആക്ഷന്‍ ഫോഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കു വിവിധ സന്നദ്ധ സംഘടനകളുടെ സഹായം ഉണ്ട്. അടച്ചുറപ്പില്ലാത്ത വീട്ടില്‍ അന്തിയുറങ്ങേണ്ടിവന്ന നിയമ വിദ്യാര്‍ഥിനി ജിഷയുടെ ദാരുണ അന്ത്യമാണു പദ്ധതിക്കു പ്രേരണയായതെന്നു ദിലീപ് പറഞ്ഞു. സമാന സാഹചര്യത്തില്‍ കഴിയുന്നവര്‍ക്കാണു വീട് അനുവദിക്കുന്നതില്‍ മുന്‍ഗണന. ‘സുരക്ഷിത ഭവനം’ പദ്ധതിയുടെ പേര്.
സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും വീടിന് അപേക്ഷിക്കാം. സ്വന്തമായി രണ്ടു സെന്റ് ഭൂമിയെങ്കിലും ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകള്‍ക്കു പ്രത്യേക പരിഗണന നല്‍കും. ഒരു വീടിന് അഞ്ചര ലക്ഷം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും കേരള ആക്ഷന്‍ ഫോഴ്‌സിന്റെയും വൊളന്റിയര്‍മാര്‍ അപേക്ഷകരുടെ ജീവിതസാഹചര്യം പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തുമെന്ന് ആക്ഷന്‍ ഫോഴ്‌സ് പ്രസിഡന്റ് ഡോ. സി.എം.ഹൈദരാലി പറഞ്ഞു. ജിപി ട്രസ്റ്റും ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് ആലുവ മേഖലയില്‍ മുന്‍പ് 66 വീടുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. പദ്ധതിയില്‍ പങ്കുചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ആലുവ ശാഖയിലേക്കു പണം അയയ്ക്കാം. അക്കൗണ്ട് നമ്പര്‍: 200010638611. ഐഎഫ്എസ് കോഡ്: ശിറയ 0000227. ഫോണ്‍: 94471 87868, 94475 77823.