കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ജമാഅത്തുദ്ദഅവ; ഹാഫിസ് മുഹമ്മദ് സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു

ലാഹോര്‍: കശ്മീര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് മുഹമ്മദ് സയീദ്. ഇന്ത്യ നടപടി തുടര്‍ന്നാല്‍ സംഘര്‍ഷത്തിന്റെ തീവ്രത കൂട്ടുമെന്നാണ് സയീദിന്റെ ഭീഷണി. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഭീഷണി മുഴക്കിയത്.

ഹാഫിസ് മുഹമ്മദ് സയീദിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്തു. ‘ഹാഫിസ്‌സയീദ്‌ലൈവ്’ എന്ന അക്കൗണ്ടാണ് നീക്കം ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ബുര്‍ഹാന്‍ വാനിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാഫിസ് സയീദിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണങ്ങള്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ട്വിറ്ററിന് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സയീദിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ സസ്‌പെന്‍ഡ് ചെയ്തത്.

© 2025 Live Kerala News. All Rights Reserved.