വീണ്ടും ഫ്രാന്‍സില്‍ കൂട്ടക്കുരുതി; ദേശീയ ദിനാഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; 84 പേര്‍ കൊല്ലപ്പെട്ടു; ആക്രമിയെ പൊലീസ് വെടിവെച്ചുകൊന്നു

പാരിസ്: ഷാര്‍ലി എബ്ദോ പത്രത്തിന് നേരെയും കഴിഞ്ഞ നവംബറില്‍ സംഗീത പരിപാടിക്കിടെയും ഭീകരാക്രമണത്തില്‍ 100കണക്കിന് പേര്‍ മരിച്ച ഫ്രാന്‍സില്‍ വീണ്ടും കൂട്ടക്കുരുതി. ഫ്രാന്‍സിലെ നീസില്‍ ദേശീയ ദിനാഘോഷത്തിനിടെയുണ്ടായ ആക്രമണത്തില്‍ ട്രക്ക് ആള്‍ക്കൂട്ടത്തകിലേക്ക് ഇടിച്ചുകയറ്റിയാണ് 84 പേരെ കൂട്ടക്കൊല നടത്തിയത്. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ബാസ്റ്റിലെ ദിനത്തോട് അനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിന് ശേഷമായിരുന്നു നൈസിനെ ചോരപ്പുഴയാക്കി മാറ്റിയ ഭീകാരാക്രമണം നടന്നത്. നൈസിലെ റോഡിലെങ്ങും ചിന്നിച്ചിതറിയ മൃതദേഹങ്ങള്‍ മാത്രമാണുള്ളത്.

കരിമരുന്ന് പ്രയോഗം കണ്ട് ആഹ്ളാദഭരിതയായിരുന്ന ജനക്കൂട്ടത്തിനു നേരെ പാഞ്ഞെത്തിയ ട്രക്ക് ആളുകളെ ചതച്ചരച്ചു കളഞ്ഞു. ഭയചകിതരായ ജനങ്ങള്‍ നാലുപാടും ചിതറി ഓടിയെങ്കിലും അക്രമി പിന്നാലെയെത്തി അവരെയെല്ലാം ട്രക്കിന്റെ കൂറ്റന്‍ ടയറുകള്‍ക്ക് ഇരയാക്കി. ഉടന്‍ തന്നെ പൊലീസും സുരക്ഷാസേനയും പാഞ്ഞെത്തി ഇയാളെ വെടിവെച്ചു കൊന്നു. സംഭവത്തിന്റെ സ്വഭാവം നോക്കുമ്പോള്‍ ഭീകരാക്രമണമാണെന്ന വിലയിരുത്തലിലാണ് ഫ്രാന്‍സ് ഭരണകൂടം.

© 2025 Live Kerala News. All Rights Reserved.