ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് യൂറോകപ്പ് കിരീടം; ആതിഥേയരെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്; എദര്‍ വിജയഗോള്‍ നേടി

പാരിസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ഫ്രാന്‍സിനെ പോര്‍ച്ചുഗല്‍ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റിലായിരുന്നു എദറിന്റെ വിജയഗോള്‍. ഫ്രാന്‍സിന്റെ ദിമിത്രി പായെറ്റിന്റെ ഫൗളിനിരയായി വീണ റൊണാള്‍ഡോ സ്‌ട്രെക്ചറില്‍ കളംവിട്ടു. കാല്‍മുട്ടിന് പരിക്കേറ്റ റൊണാള്‍ഡോ ഏഴാം മിനിറ്റില്‍ പ്രാഥമിക ചികിത്സതേടി തിരിച്ചത്തിയെങ്കിലും 25ാം മിനിറ്റില്‍ കണ്ണീരോടെ കളംവിട്ടു. നിശ്ചിത സമയത്ത് ഇരു നിരയും ഒട്ടനവധി അവസരങ്ങളൊരുക്കിയെങ്കിലും വലകുലുക്കാന്‍ കഴിഞ്ഞില്ല. സെമിയില്‍ പുറത്തിരുന്ന പെപെ, വില്ല്യം കാര്‍വലോ എന്നിവരുമായാണ് പോര്‍ചുഗല്‍ ഫൈനലില്‍ ഇറങ്ങിയത്. ജര്‍മനിയെ വിരട്ടി വിട്ട അതേ ടീമായിരുന്നു ആതിഥേയര്‍ക്കായി കളത്തിലിറങ്ങിയത്. കളിയുടെ ആദ്യ മിനിറ്റ് മുതല്‍ ഫ്രാന്‍സിനായി മുന്‍തൂക്കം. 2004 യൂറോകപ്പിന്റെ ഫൈനലില്‍ ഗ്രീസിനോടു പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ചരിത്രത്തിലാദ്യമായാണു യൂറോകപ്പിലെ ഫുട്‌ബോള്‍ ചാംപ്യന്മാരാകുന്നത്.

© 2025 Live Kerala News. All Rights Reserved.