അനുപ്രിയ പട്ടേലിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി; ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കുന്നതായി അപ്നാ ദള്‍ നേതാവ് കൃഷ്ണ പട്ടേല്‍

ലക്‌നൗ: കേന്ദ്ര മന്ത്രിസഭയില്‍ അനുപ്രിയ പട്ടേലിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി. ബിജെപിയുമായുള്ള സഖ്യം ഒഴിവാക്കുന്നതായും സഖ്യത്തിന്റെ മാന്യത ബിജെപി കാണിച്ചില്ലെന്നും അപ്നാ ദള്‍ നേതാവും അനുപ്രിയയുടെ അമ്മയുമായ കൃഷ്ണ പട്ടേല്‍ കുറ്റപ്പെടുത്തി. ഏറെക്കാലമായി അമ്മയും മകളും തമ്മില്‍ അധികാര തര്‍ക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. മോദി സര്‍ക്കാരില്‍ ആരോഗ്യം, കുടുംബക്ഷേമം വകുപ്പുകളാണ് അനുപ്രിയ കൈകാര്യം ചെയ്യുന്നത്. സഖ്യവുമായി ബന്ധപ്പെട്ട മാന്യത ബിജെപി കാണിക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അപ്നാ ദള്‍ ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു. അനുപ്രിയയുടെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബിജെപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ ബിജെപി തയാറായില്ലെന്നും പാര്‍ട്ടി വക്താവ് ആര്‍ബിഎസ് പാട്ടീല്‍ പ്രതികരിച്ചു.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സ്വന്തം അമ്മ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നേതാവാണ് അനുപ്രിയ. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് അനുപ്രിയ പട്ടേലിന്റെ പാര്‍ട്ടിയായ അപ്നാ ദള്‍. അനുപ്രിയയുടെ അമ്മ കൃഷ്ണ പട്ടേലാണ് അപ്നാ ദള്‍ അധ്യക്ഷ. 2009ല്‍ അനുപ്രിയയുടെ പിതാവ് സോണ്‍ ലാല്‍ പട്ടേല്‍ ഒരു റോഡപകടത്തില്‍ കൊല്ലപ്പെട്ടതോടെയാണ് കൃഷ്ണ പട്ടേല്‍ പാര്‍ട്ടിയുടെ ചുമതല ഏറ്റെടുത്തത്. ഇതിനുശേഷം അമ്മയും മകളും തമ്മിലുള്ള അധികാരത്തര്‍ക്കം പാര്‍ട്ടിയില്‍ ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.