തിരുവനന്തപുരം: മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ തട്ടിപ്പ് നടന്ന സാഹചര്യത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ആലോചന. പ്രാഥമിക അന്വേഷണത്തില്‍ വെള്ളാപ്പള്ളിയുടെ പങ്ക് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കേസെടുക്കുന്ന കാര്യം പരിശോധിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വിജിലന്‍സ് പ്രത്യേകസംഘം അടുത്തയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരേ ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും ചുമത്തും. അതിനുശേഷം വിജിലന്‍സ് കോടതി മുമ്പാകെ എഫ്.ഐ.ആര്‍. സമര്‍പ്പിക്കും. 15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്. വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍.