ന്യൂഡല്‍ഹി: 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്ക് കാബിനറ്റ് പദവി ലഭിച്ചു.ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, ഉത്തരാഖണ്ഡ്, കർണാടക, അസം എന്നിവിടങ്ങളിൽനിന്നുള്ളവരാണ് പുതിയ മന്ത്രിമാർ. നിലവിലെ മന്ത്രിസഭയിൽനിന്ന് അഞ്ച് മന്ത്രിമാരെ ഒഴിവാക്കി. നിഹാൽചന്ദ്, ആർ.എസ്.കതേരിയ, സൻവർലാൽ ജാട്ട്, മനുഷ്ഭായ് ഡി വാസവ, എം.കെ. കുണ്ടറിയ എന്നിവരെയാണ് ഒഴിവാക്കിയത്. ഉത്തര്‍ പ്രദേശില്‍നിന്ന് ബി.ജെ.പി. എം.പിമാരായ മഹേന്ദ്രനാഥ് പാണ്ഡേ, കൃഷ്ണ രാജ്, അപ്നാദളിന്റെ നേതാവ് അനുപ്രിയ പട്ടേല്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. രാജസ്ഥാനില്‍നിന്ന് രാജ്യസഭാംഗമായ വിജയ് ഗോയല്‍, അര്‍ജ്ജുന്‍ റാം മെഗ്വാള്‍, സി ആര്‍ ചൗധരി, പി.പി. ചൗധരി എന്നിവര്‍ക്കും മധ്യപ്രദേശില്‍നിന്ന് രാജ്യസഭാംഗവും പത്രപ്രവര്‍ത്തകനുമായ എം.ജെ. അക്ബര്‍, ഫഗ്ഗം സിങ് കുലസ്‌തെ, രാജ്യസഭാംഗം അനില്‍ മാധവ് ദാവേ എന്നിവര്‍ക്കുമാണ് മന്ത്രിസ്ഥാനം ലഭിച്ചത്.
ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാ എംപി മന്‍സുഖ് എല്‍ മാണ്ഡവിയ, പുരുഷോത്തം രുപാല, ജസ്വന്ത് സിങ് ഭാഭോര്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്ന് ആര്‍.പി.ഐ. നേതാവ് രാം ദാസ് അതാവലെ, സുഭാഷ് ഭാമര്‍ എന്നിവരാണ് മന്ത്രിമാരായത്. പശ്ചിമബംഗാളില്‍നിന്നുള്ള രാജ്യസഭാ എംപി എസ്.എസ്. അലുവാലിയ. ഉത്തരാഖണ്ഡില്‍ നിന്നുള്ള അജയ് താംത, കര്‍ണാകയില്‍നിന്ന് രമേഷ് ജഗാജിനാഗി, ആസ്സാമില്‍നിന്നുള്ള രാജന്‍ ഗോഹന്‍ എന്നിവരും ഇന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തവരില്‍ ഉള്‍പ്പെടുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ഇന്ന് മന്ത്രിയയവരില്‍ അര്‍ജുന്‍ മേഘ്വാള്‍, കൃഷ്ണരാജ്, അജയ് താംത, ഫഗന്‍സിങ് കുലസ്‌തെ, രാംദാസ് അത്താവാലെ എന്നിവര്‍ ദലിത് വിഭാഗത്തില്‍ പെട്ടവരാണ്.
2014 മേയില്‍ അധികാരമേറ്റ നരേന്ദ്ര മോദി മന്ത്രിസഭയുടെ രണ്ടാമത്തെ വികസനമാണിത്. ആദ്യവികസനം 2014 നവംബറിലായിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിസഭയുടെ നിലവിലെ അംഗബലം 64 ആണ്. ഭരണഘടനാ വ്യവസ്ഥകളനുസരിച്ചു മന്ത്രിസഭയില്‍ 82 അംഗങ്ങള്‍ വരെയാകാം.