ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ് അച്യുതാനന്ദന് തിരിച്ചടി. സുപ്രീംകോടതിയില്‍ വിഎസ് നല്‍കിയിരുന്ന ഹര്‍ജി തള്ളി. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ സുപ്രീംകോടതി വിഎസിന് ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി. വിഎസ് അച്യുതാനന്ദനായി സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ ഏറെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇന്ന് കോടതിയില്‍ ഉന്നയിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനായി കൂട്ടുനിന്ന അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്നും അതിനാല്‍ മുന്‍പ് പറഞ്ഞ വാദങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത്. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല കോടതിയെന്നും വിലയിരുത്തി.