ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലാ നടപടി പുന:പരിശോധിക്കുമെന്ന് മന്ത്രി; ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് വിശദീകരണം തേടി; ജനങ്ങളെ പീഡിപ്പിക്കുന്ന നടപടിയുണ്ടാകില്ലെന്നും എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഹെല്‍മറ്റില്ലെങ്കില്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുടെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ രംഗത്ത്. ഉത്തരവില്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയോട് വിശദീകരണം തേടി. തന്നോട് ആലോചിക്കാതെ വേണ്ടത്ര പരിശോധന കൂടാതെ തിടുക്കത്തില്‍ എടുത്ത തീരുമാനമാണെന്നും സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥന്‍ നയപരമായ തീരുമാനമെടുത്തുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണെങ്കില്‍ നടപ്പാക്കില്ല. മന്ത്രി പ്രതികരിച്ചു. ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രികര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് ടോമിന്‍ തച്ചങ്കരി പുറപ്പെടുവിച്ചത്. ആദ്യഘട്ടമെന്ന നിലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ തീരുമാനം നടപ്പാക്കുമെന്നും ഇന്ധന കമ്പനികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.