തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം നികുതി ചോര്‍ച്ചയും ധനധൂര്‍ത്തുമെന്ന് മന്ത്രി തോമസ് ഐസക്. സധസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിയമസഭയില്‍ സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി രൂപയാണ്.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സൂചിപ്പിക്കുന്ന ധവളപത്രത്തില്‍ പതിനായിരം കോടി രൂപ കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. അതില്‍ തന്നെയും ആറായിരം കോടി രൂപ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. നികുതി ചോര്‍ച്ചയും ചെലവിലെ ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. നികുതി വരുമാനത്തിലുള്ള വര്‍ദ്ധനവ് 10-12 ശതമാനം വരെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. നികുതി വരുമാനത്തിലെ പ്രതിസന്ധി ഇത്രയും രൂക്ഷമായതില്‍ യുഡിഎഫിന്റെ ധനകാര്യമാനേജ്‌മെന്റിനെ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ ഓരോ തവണയും ആയിരം കോടി രൂപ അധികമായി ചെലവഴിച്ചു. അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ 1009 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ 6300 കോടി രൂപയുടെ ബാധ്യതയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നേരിടുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു. പതിനായിരം കോടി രൂപയുടെ കടബാധ്യത കൊടുത്തു തീര്‍ക്കുക എന്നത് അസാധ്യമാണ്. നികുതി പിരിച്ചെടുക്കുന്നതിലെ അനാസ്ഥയും ധൂര്‍ത്തും അക്കമിട്ടുനിരത്തുന്നതാണ് ധവളപത്രം.