കൊച്ചി: തെരുവിലെറിയപ്പെട്ട സ്ത്രീകളുടെ നൊമ്പരങ്ങളാണ് നടന്‍ ദിലീപിനെ പൊതുവേദിയില്‍ പൊട്ടിക്കരയുന്നതിലേക്ക് എത്തിക്കുന്നത്. സ്ത്രീകളുടെ പുനരധിവാസകേന്ദ്രമായ മിതൃമ്മല സ്‌നേഹതീരം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു ദിലീപ്. സമൂഹത്തില്‍ മാനസിക വിഭ്രാന്തിമൂലവും അല്ലാതെയും തെരുവിലാക്കപ്പെട്ട സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്ന സാഹചര്യവും സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ വിവരിക്കുന്നതിനിടെയാണു നടന്‍ കരഞ്ഞുപോയത്. ഒമ്പതു മാസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ അന്തേവാസികള്‍ക്കൊപ്പമുണ്ട്. ഇവരെല്ലാം തെരുവില്‍നിന്നു സ്ത്രീകള്‍ക്കൊപ്പം ഇവിടെ എത്തിപ്പെട്ടവരാണെന്നുകൂടി പറഞ്ഞതോടെ ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തെരുവില്‍ ഒരു സ്ത്രീയും അലയാന്‍ ഇടവരാത്ത അവസ്ഥ സൃഷ്ടിക്കലാണു സ്‌നേഹതീരത്തിന്റെ ലക്ഷ്യമെന്നിരിക്കെ അതിനാവശ്യമായ എല്ലാ സഹായവും തന്റെയും തന്നോടൊപ്പമുള്ള കലാകാരന്മാരുടെയും ഉണ്ടാകുമെന്ന് ദിലീപ് വ്യക്തമാക്കി.