തനിയാവര്‍ത്തനങ്ങളില്ലാത്ത സിനിമാ ജീവിതം അഥവാ ലോഹിതദാസ്

വീണ വത്സന്‍
കലയും കച്ചവടവും സംയോച്ചിപ്പിച്ച് ഉള്‍ക്കരുത്തുള്ള തിരക്കഥകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭയായിരുന്നു ലോഹിതദാസ്. പിന്നീട് സംവിധാനത്തിലേക്ക് കടന്നെങ്കിലും മനുഷ്യബന്ധങ്ങളുടെ കഥപറയുന്നതില്‍ അദേഹത്തിന്റെ സിനിമ ഒരുപടി മുന്നേതന്നെ നിലകൊണ്ടു. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്ക് ഇത്രത്തോളം തിരഭാഷ്യം നല്‍കിയ തിരക്കഥാകൃത്തുക്കള്‍ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായില്ലെന്നത് വസ്തുതയാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, നാടകകൃത്ത് എന്നീ നിലകളിലെല്ലാം അദ്ദേഹം മലയാള ചലച്ചിത്ര സാഹിത്യ രംഗത്ത് സ്തുതൃര്‍ഹമായ സംഭാവനകള്‍ നല്‍കി. ജനങ്ങളെ തിയറ്ററുകളില്‍ പിടിച്ചിരുത്താനുതകുന്ന തരത്തില്‍ വൈകാരികമായ മനുഷ്യബന്ധങ്ങളുടെ തീഷ്ണമായ ജീവിതയാഥാര്‍ഥ്യങ്ങളായിരുന്നു ലോഹിതദാസിന്റെ തൂലികയില്‍ പിറന്നത്. വാണിജ്യപരമായി ചിത്രങ്ങള്‍ വിജയിക്കുമ്പോള്‍ത്തന്നെ കലയെന്ന നിലയില്‍ സിനിമയെന്ന മാധ്യമത്തിന് കൃത്യമായ ഇടവും ലഭിച്ചിരുന്നു. പത്മരാജനും ഭരതനും ശേഷം മലയാളചലച്ചിത്ര മേഖലയ്ക്ക് ജീവിത ഗന്ധിയായ ചിത്രങ്ങള്‍ സംഭാവന ചെയ്ത പ്രതിഭാശാലിയായിരുന്നു ലോഹിത ദാസ്. അദ്ദേഹത്തിന്റെ തിരക്കഥയില്‍ പിറന്ന ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തെയും വിജയചിത്രങ്ങളാണ്. ഐവി ശശി-ടി ദാമോദരന്‍ കൂട്ടുകെട്ട് പോലെ സിബിമലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന ഒരു പിടി നല്ല ചിത്രങ്ങള്‍ ഇപ്പോഴും മലയാളിയുടെ മനസ്സില്‍ ക്ലാവ് പിടിക്കാതെ കിടപ്പുണ്ട്.

lo2
സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയാണ് അദ്ദേഹം മലയാള സിനിമാ ലോകത്തിലേക്ക് ചുവടുവെച്ചത്. മലയാള ചലച്ചിത്ര ആരാധകര്‍ക്ക് തനിയാവര്‍ത്തനം വ്യത്യസ്ത കാഴ്ചാനുഭവം ഒരുക്കി. മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് തനിയാവര്‍ത്തനത്തിന് ലഭിച്ചു. ഏകദേശം അമ്പതിനടുത്തുള്ള ചിത്രങ്ങള്‍ തിരക്കഥയൊരുക്കി. കിരീടം, ചെങ്കോല്‍, ഭരതം, അമരം, വാത്സല്യം, തൂവല്‍ക്കൊട്ടാരം, സല്ലാപം, സാദരം, സാഗരം സാക്ഷി, ചകോരം, പാഥേയം, വെങ്കലം, കൗരവര്‍, ആധാരം, കമലദളം, വളയം, കനല്‍ക്കാറ്റ്, ധനം,ഹിസ് ഹൈനസ് അബ്ദുള്ള, സസ്‌നേഹം, മഹായാനം, മുദ്ര, ദശരഥം, ജാതകം തുടങ്ങിയ ചിത്രങ്ങള്‍ അദേഹത്തിന്റെ തൂലികയില്‍ വിരിഞ്ഞതാണ്. 1997 ല്‍ ഭൂതക്കണ്ണാടി എന്ന ചിത്രത്തിലൂടെ സംവിധാന മേഖലയിലേക്ക് കടന്നു വന്നു. ഈ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്തുള്ള ചിത്രങ്ങളായിരുന്നു മിക്കതും. എന്നാല്‍ തിരക്കഥകള്‍ വിജയിച്ചതു പോലെ അദ്ദേഹത്തിന്റെ സംവിധാന സംരഭങ്ങള്‍ ശരാശരി വിജയങ്ങളായിരുന്നു.

llll

കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ വിജയിച്ച ചിത്രങ്ങളായിരുന്നു. നിവേദ്യമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. ജോക്കറിലെ കണ്ണീര്‍മഴയത്ത് അദേഹം രചിച്ച ഗാനമാണ്. അതുപോലെ കോലക്കുഴല്‍ വിളി കേട്ടോ എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം രചിച്ചത് ലോഹിത ദാസാണ്. സംവിധാനത്തോടൊപ്പം അഭിനയത്തിനായി സമയം കണ്ടെത്താനും മറന്നില്ല. ആധാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഉദയനാണ് താരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. സിന്ധു ശാന്തമായി ഒഴുകുന്നു, അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ എന്നിവ അദ്ദേഹത്തിന്റെ നാടകങ്ങളാണ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള ഭീഷ്മര്‍ എന്ന ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് അദേഹത്തെ മരണം തട്ടിയെടുത്തത്. 2009 ജൂണ്‍ 28നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തോട് വിട പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.