ന്യൂഡല്‍ഹി: ആംആദ് മി പാര്‍ട്ടി എംഎല്‍എ ദിനേഷ് മൊഹാനിയയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ 65ഓളം എഎപി എംഎല്‍എമാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എഎപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പൊലീസ് ഉത്തരവിട്ട നിരോധനാജ്ഞ മറികടന്നതിനാണ് എംഎല്‍എമാരെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് ആംആദ്മി എംഎല്‍എ ദിനേഷ് മോഹാനിയയെ വാര്‍ത്താസമ്മേളനത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതി പറയാനെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും 60 വയസുള്ള വൃദ്ധനെ മുഖത്തടിച്ചുവെന്നുമാണ് എംഎല്‍എക്കെതിരായ പരാതി. യുവതിയുടെ പരാതിയില്‍ എംഎല്‍എക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് അന്വേഷണം നടത്തട്ടെയെന്നും എംഎല്‍എ പ്രതികരിച്ചു. എംഎല്‍എയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.പൊലീസ് മോഡിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് കെജ്രിവാള്‍ ആരോപിച്ചു. സംഭവത്തോടെ ഡല്‍ഹി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലേക്ക് നീങ്ങിയിരിക്കുകയാണ്.