ശ്രീനഗര്‍: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ വീണ്ടും ഭീകരാക്രമണം നടത്താന്‍ സാധ്യതയെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി. ആക്രമണത്തിന് ശേഷം ജമ്മുവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി എത്തിയതായിരുന്നു പാര്‍ലമെന്ററി കമ്മറ്റി. കമ്മറ്റി അന്താരാഷ്ട്ര അതിര്‍ത്തിയും പത്താന്‍കോട്ട് വ്യോമതാവളവും നേരത്തെ സന്ദര്‍ശിച്ചിരുന്നു.
തീവ്രവാദികള്‍ ഇപ്പോഴും പത്താന്‍കോട്ട് സമീപമുള്ള പ്രദേശങ്ങളില്‍ ഒളിഞ്ഞിരിപ്പുണ്ട്.
ഇവര്‍ ഏത് നിമിഷവും വീണ്ടും ആക്രമണം നടത്തിയേക്കാമെന്നും ഗ്രാമവാസികള്‍ വിവരം നല്‍കിയതായി കമ്മറ്റി വ്യക്തമാക്കി. ഇക്കാര്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതായും മേഖലയില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും കമ്മറ്റി ചെയര്‍മാന്‍ പി. ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു. കമ്മറ്റി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.എഫിനോടും ബി.എസ്.എഫിനോടും ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായും കമ്മറ്റി വ്യക്തമാക്കി. ജനുവരി രണ്ടിനാണ് പാക് തീവ്രവാദികളുടെ നേതൃത്വത്തില്‍ പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്.