രേഖകള്‍ ശരിയായാല്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ ആവശ്യമില്ല; പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ലളിതമായ മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുഷമസ്വരാജ്

ന്യൂഡല്‍ഹി: രേഖകള്‍ ശരിയായാല്‍ ഇനിമുതല്‍ അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് കിട്ടാന്‍ പ്രധാന തടസ്സമാവുന്ന പൊലീസ് വെരിഫിക്കേഷന്‍ ലഘൂകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ വെരിഫിക്കേഷന്‍ ആവശ്യമായി വരില്ലെന്ന് മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് ഏറ്റവും സുഗമമായ രീതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുകയാണ്. നടപടിക്രമങ്ങള്‍ ഏറെ ലളിതമാക്കിയെന്നും കഴിഞ്ഞ വര്‍ഷം 98 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ നല്‍കാനായെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സേവാകേന്ദ്രത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷക്കൊപ്പം പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയിലൊന്ന് നല്‍കിയാല്‍ വെരിഫിക്കേഷന്‍ എളുപ്പമാകുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വിശദീകരിക്കുന്നു. അപേക്ഷകന് പാസ്‌പോര്‍ട്ട് ലഭിക്കുന്നത് വൈകാന്‍ കാരണം പൊലീസ് വെരിഫിക്കേഷനിലെ കാലതാമസമാണ്. കേന്ദ്രത്തിന്റെ പുതിയ നടപടി ഏറെ ഗുണം ചെയ്യും.

© 2025 Live Kerala News. All Rights Reserved.