അഴിമതി ആരോപണം; ബ്രസീലിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു

ബ്രസീലിയ: അഴിമതി ആരോപണത്തിന്റെ പേരില്‍ ബ്രസീലില്‍ വീണ്ടും മന്ത്രിമാരുടെ രാജി. പുതിയ പ്രസിഡന്റ് മൈക്കല്‍ ടെമറിന്റെ മന്ത്രിസഭയിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു. ടൂറിസം വകുപ്പിന്റെ ചുമതലയുള്ള എന്റിക് എഡ്വേര്‍ഡോ ആല്‍വസാണ് രാജിവെച്ചത്. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോബാസ് എണ്ണകമ്പനിയില്‍ നിന്ന് 445,000 ഡോളറിന്റെ (ഏകദേശം മൂന്നുകോടിയോളം രൂപ) അഴിമതി നടത്തിയെന്ന പ്രധാന സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്റിക് എഡ്വേര്‍ഡോ ആല്‍വസിന്റെ രാജി.

മൈക്കില്‍ ടെമറിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചൊഴിയുന്ന മൂന്നാമത്തെ മന്ത്രിയാണ് ആല്‍വസ്. അഴിമതി വിരുദ്ധ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഫാബിയാനോ സില്‍വേറ, ആസൂത്രണവകുപ്പ് മന്ത്രിയുമായ റൊമീറോ ജൂക്ക എന്നിവരും രാജിവെച്ചിരുന്നു. പെട്രോബാസ് അഴിമതി അന്വേഷണം വഴിതെറ്റിക്കാന്‍ ഗൂഢാലോചന നടത്താന്‍ ശ്രമിക്കുന്ന സംഭാഷണത്തിന്റെ വിവാദ ടേപ്പ് പുറത്തായതോടെയായിരുന്നു രാജി.

© 2025 Live Kerala News. All Rights Reserved.